
ഉത്സവഘോഷയാത്രകളിൽ അതിതീവ്ര ശബ്ദവും മിന്നിമറയുന്ന ലൈറ്റുകളും ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഡി.ജെ. വാഹനങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം കർശന നടപടി സ്വീകരിക്കാൻ പോലീസ് നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

പരീക്ഷാകാലത്ത് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും പരിശോധനയും തുടർനടപടികളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ വകുപ്പിനും അധികാരം നൽകും. ഗുരുതരമായ കേസുകളിൽ പരിസ്ഥിതി സംരക്ഷണ നിയമം (ഇ.പി.എ. 1986) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും നടപടിയുണ്ടാകും.
ഉത്സവങ്ങളിൽ ഡി.ജെ. സംവിധാനമുള്ള ‘ഇടിവണ്ടികൾ’ എത്തിക്കുന്നതിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സമീപകാലത്ത് നടന്ന ഒരു ക്ഷേത്രോത്സവത്തിൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉൾപ്പെടെ പുറത്തുനിന്നും നിരവധി ഡി.ജെ. വാഹനങ്ങൾ എത്തിയിരുന്നു. ഉയർന്ന ശബ്ദതീവ്രത കാരണം ചില വാഹനങ്ങൾ പിടിച്ചെടുത്തിട്ടും, ചെറിയ പിഴ മാത്രം ഈടാക്കിയതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ഡി.ജെ. ശബ്ദത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി പരാതികളും ലഭിച്ചിട്ടുണ്ട്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും അധികാരമുണ്ടെന്നും, ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴയും ശിക്ഷയും ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.