You are currently viewing കോയമ്പത്തൂരിൽ കാർപകടം:രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കോയമ്പത്തൂരിൽ കാർപകടം:രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തിൽ ജീവൻ നഷ്ടപ്പെടുത്തി.

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിറ്റൂർ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനിൽ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരിൽ വിവാഹചടങ്ങിന്റെ ഫോട്ടോഗ്രഫി പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. സർവീസ് റോഡിലൂടെ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയർ കാറിലേക്ക് എതിര്‍ദിശയിൽ അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്ത് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീഷിനെ വാളയാർ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. തുടർന്ന് മൃതദേഹം കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

സംഭവത്തിൽ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജിത്തിന്റെ അച്ഛൻ ചന്ദ്രൻ, അമ്മ കല്യാണി. സഹോദരങ്ങൾ അരുണ്‍, അഭിലാഷ്. വിനീഷിന്റെ ഭാര്യ പ്രീതിയും ഏക മകൾ ആദ്യയുമാണ്.

Leave a Reply