You are currently viewing തൃക്കാക്കരയിൽ പരാജയഭീതി;ഫ്ലക്സ് നീക്കത്തിൽ ആരോപണവുമായി അഖിൽ മാരാർ

തൃക്കാക്കരയിൽ പരാജയഭീതി;ഫ്ലക്സ് നീക്കത്തിൽ ആരോപണവുമായി അഖിൽ മാരാർ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ചിലർക്കിടയിൽ പരാജയഭീതി ശക്തമാകുകയാണെന്ന് ആരോപിച്ച് ട്വന്റി /20 നേതാവായ അഖിൽ മാരാർ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് മാരാറിന്റെ ആരോപണം.

പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും, അതിനെ പൊതുവേദിയിൽ ഉന്നയിച്ചാൽ സഹതാപം നേടാൻ ശ്രമിക്കുന്നതെന്നാരോപണം ഉയരുമെന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “മത്സരിച്ച് ജയിക്കാനാണ് ലക്ഷ്യം” എന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചതെന്നും മാരാർ കൂട്ടിച്ചേർത്തു.

എന്നാൽ, പിന്നീട് കോർപ്പറേഷൻ ഇടപെടലിലൂടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തതോടെ സ്ഥിതി വ്യത്യസ്തമായതായി അദ്ദേഹം ആരോപിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ‘ഗ്രീൻ സർട്ടിഫിക്കറ്റ്’ ഇല്ലെന്ന കാരണത്താലാണ് ബോർഡുകൾ നീക്കം ചെയ്തതെന്നാണ് കോർപ്പറേഷൻ വിശദീകരണം. ഇതിനെ തുടർന്ന് പ്രവർത്തകർ കൂടുതൽ ബോർഡുകൾ സ്ഥാപിക്കാൻ മടിച്ചുവെന്നും, ഓരോ ഫ്ലക്സിനും 25,000 രൂപ പിഴ ചുമത്തുന്നതിലൂടെ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാനുള്ള ശ്രമമാണിതെന്നും മാരാർ ആരോപിച്ചു.

എന്നാൽ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന രേഖകൾ പ്രിന്റിംഗ് കമ്പനി നൽകിയിട്ടുണ്ടെന്നും, അതേ കമ്പനി തന്നെ മറ്റൊരു സ്ഥാനാർത്ഥിക്കായി ബോർഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“തൃക്കാക്കര കോട്ടയാണെന്ന് പറയുന്നവർക്ക് ഈ പേടി എന്തിന്?” എന്ന ചോദ്യം ഉയർത്തിയ മാരാർ, വിഷയത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കുന്നതായും അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്വന്റി /20 സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപ കുമാർ ഉടൻ പത്രസമ്മേളനം നടത്തി കൂടുതൽ വിശദീകരണം നൽകുമെന്നും അറിയിച്ചു.

Leave a Reply