
കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനിയും ആലുവ യു.സി കോളജിലെ വിദ്യാർഥിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ഏകദേശം 9.50ഓടെ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സംഭവം നടന്നത്. ആലുവയിൽ നിന്ന് വടകരയിലേക്ക് സ്റ്റഡി ലീവിനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
കല്ലേറിൽ താടിയെല്ലിന് ഗുരുതര പരുക്കേറ്റ ഐശ്വര്യയ്ക്ക് നാല് പല്ലുകൾ നഷ്ടമായി. ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.