
കൊളംബോ: വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനായി ശ്രീലങ്ക സർക്കാർ പ്രഖ്യാപിച്ച പുതിയ വിസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ പ്രവേശനം തുടരുമെന്ന് അറിയിച്ചു.

കാബിനറ്റ് വക്താവായ നളിന്ധ ജയദിസ വ്യക്തമാക്കി, 39 രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് ആറുമാസത്തേക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പട്ടികയിൽ ഇന്ത്യ, ചൈന, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.
ഇതിനുമുമ്പ് തന്നെ വിനോദസഞ്ചാര പ്രോത്സാഹന നടപടികളുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാർക്ക് സൗജന്യ ഇലക്ട്രോണിക് ട്രാവൽ ഓത്തറൈസേഷൻ (ETA) ലഭിച്ചിരുന്നു. പുതിയ പദ്ധതിയിലൂടെ വിസ ഫീസ് അടയ്ക്കാതെ ശ്രീലങ്ക സന്ദർശനം തുടരാൻ സാധിക്കും.
ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ നിയമപ്രകാരം തയ്യാറാക്കിയ കരട് ചട്ടങ്ങൾ പാർലമെന്റിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ജയതിസ്സ അറിയിച്ചു. ഈ നീക്കം വിനോദസഞ്ചാരികളുടെ വരവ് കൂടുതൽ വർധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2025-ൽ ശ്രീലങ്കയിൽ ഏകദേശം 23 ലക്ഷം വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ വിഹിതം, ഏകദേശം അഞ്ചിൽ ഒരു ഭാഗം, ഇന്ത്യയിൽ നിന്നുള്ളവരാണ്.