You are currently viewing തൻറെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് തോൽവി   ഭയന്ന് :അഖിൽ  മാരാർ

തൻറെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് തോൽവി ഭയന്ന് :അഖിൽ മാരാർ

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോസ്റ്റർ നശീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തി സംവിധായകനും പൊതുപ്രവർത്തകനുമായ അഖിൽ മാരാർ. “തോൽക്കും എന്നുറപ്പായപ്പോൾ ചിലർ ശുദ്ധ തെമ്മാടിത്തരത്തിലേക്ക് ഇറങ്ങുന്നു” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഒരു ആഴ്ചയായി വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നുവെങ്കിലും വിഷയം അവഗണിക്കാനാണ് താൻ നിർദേശിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു. എന്നാൽ ഇന്ന് വാഴക്കാലയിൽ ഒരാൾ വെല്ലുവിളിച്ചു കൊണ്ട് പരസ്യമായി പോസ്റ്റർ കീറിയതായും, സംഭവം ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന് പ്രതി സമീപത്തെ കടയിൽ അഭയം തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം വലിയ സംഘർഷത്തിലേക്ക് നീങ്ങാനിടയുണ്ടായിരുന്നുവെന്നും, പ്രദേശവാസികളുടെ സമചിത്തതയും താനെടുത്ത ഇടപെടലുകളും സാഹചര്യത്തെ നിയന്ത്രിക്കാൻ സഹായിച്ചതായും അഖിൽ മാരാർ വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് പ്രവർത്തകർ ഇത്തരം പോസ്റ്റർ നശീകരണത്തിൽ പങ്കെടുത്തതായി താൻ വിശ്വസിക്കുന്നില്ലെന്നും, പുറത്തുനിന്നെത്തിയ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതാകാമെന്നും അഖിൽ മാരാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

Leave a Reply