
പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷൻ സമീപത്ത് 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുന്തറ വീട്ടിൽ ബിജിയെയാണ് സ്വന്തം വീടിനോട് ചേർന്ന കിണറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സംഭവസമയം സ്ഥലത്തുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ നാട്ടുകാർ മർദിച്ചതായും റിപ്പോർട്ടുണ്ട്. സുഹൃത്തുക്കൾ ബിജിയെ അപായപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ ബിജിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നായിരിക്കാമെന്ന പ്രാഥമിക സൂചനകളാണ് ലഭിക്കുന്നത്.
ഭിന്നശേഷിക്കാരനായ ബിജി പെയിന്റിംഗ് തൊഴിലാളിയായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസം.
സംഭവത്തിൽ പുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.