
കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. ചടയമംഗലം കുരിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന “സ്പൈസി” ഹോട്ടലിന്റെ ഉടമയായ ഇളമാട് ആക്കൽ സ്വദേശി സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്.

പോലീസ് ലഭ്യമാക്കിയ പ്രാഥമിക വിവരങ്ങൾ പ്രകാരം, ഹോട്ടലിലെ തൊഴിലാളിയായ ഇർഷാദ് ആണ് സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സക്കീർ ഹുസൈനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.
സംഭവത്തിന് പിന്നാലെ പ്രതിയായ ഇർഷാദിനെ പോലീസ് തിരുവനന്തപുരത്തെ മണ്ണംതലയിൽ നിന്ന് പിടികൂടി. മലയാളിയായ ഇയാൾ ഇപ്പോൾ കർണാടകയിൽ താമസിക്കുന്നവനാണെന്നാണ് വിവരം.
ചടയമംഗലം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.