
തിരുവനന്തപുരം: രാഷ്ട്രീയ വേദിയിൽ വാക്ക് പോരാട്ടം വീണ്ടും കടുപ്പം പിടിക്കുമ്പോൾ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് നടത്തിയ പരാമർശം ശ്രദ്ധ നേടുന്നു. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ എം വി നികേഷ് കുമാർക്കെതിരെയാണ് ദീപ്തിയുടെ വിമർശനം.

തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കുറിച്ച് നികേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് ദീപ്തി രംഗത്തെത്തിയത്. “ പരിപ്പ് എടുക്കും’ എന്ന് സിപിഎം പറഞ്ഞ ഒരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നുവെന്ന്” ദീപ്തി ചൂണ്ടിക്കാട്ടി. ആ നേതാവ് നികേഷ് കുമാറിന്റെ പിതാവായ എം വി രാഘവൻ ആണെന്നും അവർ പറഞ്ഞു.
എം വി രാഘവനെ സിപിഎം ആക്രമിക്കാൻ ശ്രമിച്ച കാലത്ത്, അദ്ദേഹത്തെ സംരക്ഷിക്കുകയും പിന്നീട് എംഎൽഎയുമായി മന്ത്രിയുമായി ഉയർത്തുകയും ചെയ്ത പ്രസ്ഥാനം കോൺഗ്രസാണെന്ന് ദീപ്തി മേരി വർഗീസ് അവകാശപ്പെട്ടു. “അന്ന് സിപിഎമ്മിന് സാധിക്കാത്ത കാര്യങ്ങൾ, ഇന്ന് അതേ പാർട്ടിയുടെ പാളയത്തിൽ ‘പാർട്ട് ടൈം’ ജോലി ചെയ്യുന്ന നികേഷ് കുമാർക്ക് സാധിക്കില്ല” എന്നും അവർ വിമർശിച്ചു.
കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് അപമാനിച്ചാൽ “രേവന്ത് റെഡ്ഡിയുടെ പരിപ്പ്” ഞങ്ങൾ എടുക്കും എന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു
ദീപ്തിയുടെ ഈ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മറുവശത്ത്, വിഷയത്തിൽ നികേഷ് കുമാറിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.