
അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ ആരോപണം ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ തള്ളി. പ്രദേശത്ത് യാതൊരു തരത്തിലുള്ള ഭീഷണിയും നിലവിലില്ലെന്നും, സുധാകരന്റെ പരാതിക്ക് അടിസ്ഥാനമില്ലെന്നും എസ്.പി വ്യക്തമാക്കി.

പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇതുവരെ ഇന്റലിജൻസ് ബ്യൂറോ (IB)യുടെയോ സ്പെഷ്യൽ ബ്രാഞ്ചിന്റെയോ റിപ്പോർട്ടുകളിൽ ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് പരാതി കൈമാറിയതെന്നും എസ്.പി കൂട്ടിച്ചേർത്തു.
അതേസമയം, അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സജീവമാണെന്നും, തിരഞ്ഞെടുപ്പ് ദിവസം കലാപം സൃഷ്ടിക്കാൻ ആസൂത്രണം നടക്കുന്നുവെന്നും, സിപിഐഎമ്മിന്റെ പിന്തുണയോടെ എസ്ഡിപിഐ ഇതിന് ശ്രമിക്കുന്നുവെന്നുമാണ് ജി. സുധാകരൻ ആരോപിച്ചത്. ഈ സാഹചര്യത്തിൽ സിപിഐഎം, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരെ പേരെടുത്ത് ചൂണ്ടിക്കാട്ടി ഡിവൈഎസ്‌പിയ്ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും സുധാകരൻ പരാതി നൽകിയിരുന്നു.