
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വാശിയേറിയ പ്രചാരണമാണ് നടന്നതെന്നും, വലിയ സാമ്പത്തിക ചെലവുകളോടെയാണ് പാർട്ടികൾ രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് ദൃശ്യമായിരിക്കുന്നത്. എന്നാൽ ചില മണ്ഡലങ്ങളിൽ രണ്ട് പ്രധാന മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടവും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നല്ല പോളിംഗാണ് രേഖപ്പെടുത്തുന്നതെന്നും, വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ വ്യക്തിപരമായ നിലപാടിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.