
തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസറായ (ബി.എൽ.ഒ) അനീഷ് വി.എസ് (37) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

ആലന്തറ ദീപാനഗർ ‘അബനി’ വീട്ടിൽ താമസക്കാരനായ അനീഷ്, മണ്ണന്തല ഗവൺമെന്റ് പ്രസ്സിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രിയ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: അബനി ലക്ഷ്മി (4), ആദ്രിയൻ (3).