
കണ്ണൂർ: മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു. അത്താഴക്കുന്ന് സ്വദേശിയും നിലവിൽ കണ്ണാടിപ്പറമ്പിൽ താമസക്കാരനുമായ രാജേഷും വെള്ളച്ചാൽ സ്വദേശി ഗഫൂറുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പുതിയ കിണർ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ, കിണറിനുള്ളിലേക്ക് ഇറങ്ങുന്നതിനിടെയോ മണ്ണ് നീക്കം ചെയ്യുന്നതിനിടെയോ ഉപയോഗിച്ചിരുന്ന കയർ പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കിണറിന്റെ ആഴത്തിലേക്ക് ഇരുവരും പതിച്ചതിനെത്തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്.
അപകടം ഉണ്ടായ ഉടൻ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച രാജേഷും ഗഫൂറും കുടുംബങ്ങളുടെ ഏക ആശ്രയങ്ങളായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഠിനാധ്വാനത്തിലൂടെ കുടുംബം പോറ്റിയിരുന്ന ഇവരുടെ അപ്രതീക്ഷിത മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. സംഭവവിവരം അറിഞ്ഞ് നിരവധി പേർ ആശുപത്രിയിലും ഇരുവരുടെയും വീടുകളിലും എത്തിച്ചേർന്നു.