You are currently viewing കനത്ത മത്സരം; യുഡിഎഫിന് ആത്മവിശ്വാസം – രമേശ് ചെന്നിത്തല

കനത്ത മത്സരം; യുഡിഎഫിന് ആത്മവിശ്വാസം – രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടലോര മേഖലകളിൽ ഉൾപ്പെടെ യുഡിഎഫിന് അനുകൂലമായ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം, പരാജയഭീതിയിൽ സിപിഎം പ്രവർത്തകർ പയ്യന്നൂരിൽ അക്രമം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കോൺഗ്രസിനകത്ത് യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ സംവിധാനം വന്നത് നല്ലതാണെന്നും അതുവഴി കള്ളവോട്ടിനുള്ള സാധ്യത കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിംഗ് ശതമാനം ഉയർന്നത് ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 100 സീറ്റ് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും, മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡാണ് എടുക്കുകെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മുൻ മന്ത്രി ജി. സുധാകരൻ്റെ ആഗ്രഹവും സഫലമാകുമെന്ന് ഒരു പുഞ്ചിരിയോടെ ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply