
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു ജില്ലകളിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ് ലഭിക്കുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകടിപ്പിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മേഖലകളിൽ മാത്രം 43 സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണിയെന്നും സതീശൻ വ്യക്തമാക്കി. വിജയത്തിനായി പ്രവർത്തകർ വലിയ തോതിൽ അധ്വാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾക്ക് ലഭ്യമായ കണക്കുകളും പോളിംഗ് ശതമാനവും എല്ലാം ഒത്തു നോക്കിയാൽ ശുഭപ്രതീക്ഷയാണ് ഉള്ളത്,” എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് സൂചിപ്പിച്ച സതീശൻ, ജനവിധി യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.