
ഭരണിക്കാവ്: ഭരണിക്കാവ്–കുമരഞ്ചിറ റോഡിലെ നാലുമുക്കിന് സമീപം അമിതവേഗത്തിൽ എത്തിയ ആഡംബര കാർ വീടിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.

ഭരണിക്കാവ് എൻ.ആർ വെജിറ്റബിൾസ് ഉടമ നൗഷാദിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. നിയന്ത്രണം വിട്ട വാഹനം ഗേറ്റ് തകർത്ത് മുറ്റത്തെ സിമന്റ് ബെഞ്ചുകളും ഇടിച്ചുതെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചാണ് നിൽക്കിയത്.
അപകടസമയത്ത് വീട്ടുകാർ ഗേറ്റ് പൂട്ടി പുറത്തുപോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വീടിന്റെ മുന്നിലെ ഭാഗങ്ങൾക്ക് ഗണ്യമായ നാശനഷ്ടം സംഭവിച്ചു.
ഇതിനിടെ നാട്ടുകാരും വാഹനത്തിലുണ്ടായിരുന്നവരും സംഘർഷം ഉണ്ടായതിനെ തുടർന്ന് ശൂരനാട്, ശാസ്താംകോട്ട മേഖലകളിൽ നിന്ന് കൂടുതൽ പോലീസ് സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.