
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില പുതുക്കിനിശ്ചയിച്ചത് കാരണം മത്സ്യമേഖലയിലുണ്ടാക്കിയത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ണെണ്ണ ഉപയോഗിക്കുന്ന ഔട്ട്ബോര്‍ഡ് വള്ളങ്ങളുടെ എണ്ണം കൂടുതലുള്ളത് കേരളത്തിലാണ് എന്നത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വിലക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് കത്തയച്ചുകഴിഞ്ഞു. നിലവിൽ ചുമത്തുന്ന ജിഎസ്ടി കുറച്ച്, അധിക കേന്ദ്ര സബ്സിഡിയോ പ്രത്യേക സഹായ പാക്കേജോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യഫെഡ് ഏപ്രില്‍ ഒന്നുമുതല്‍ ലിറ്ററിന് 51.59 രൂപയുടെ വര്‍ധനവ് ഏര്‍പ്പെടുത്തിയത് കാരണം ഇപ്പോള്‍ ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 153.59 രൂപ നല്‍കേണ്ട സ്ഥിതിയാണുള്ളത്. മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 131.64 രൂപയ്ക്കൊപ്പം കേന്ദ്ര-സംസ്ഥാന ജിഎസ്ടി 9 ശതമാനം വര്‍ധിപ്പിച്ചതാണ് വില ഇത്രയും കൂടാന്‍ കാരണം. ജിഎസ്ടി നിരക്ക് കുറച്ചാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് എന്ന കാര്യം പ്രധാനമന്ത്രിയെ ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ അറിയിച്ചിട്ടുണ്ട്.
പത്ത് എച്ച്പി എഞ്ചിനുള്ള വള്ളങ്ങള്‍ക്ക് 140 ലിറ്റര്‍ മണ്ണെണ്ണ വരെ ഒരു ദിവസം ചിലവാകും. നിലവിലെ എണ്ണവില അനുസരിച്ച് 7000 രൂപ അധികമായി ചിലവാക്കേണ്ട അവസ്ഥയുമുണ്ട്. ഇതുകാരണം സംസ്ഥാന സര്‍ക്കാര്‍ നല്കിയ 25 രൂപയുടെ അധിക സബ്സിഡിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതുകൂടാതെ വല നിര്‍മ്മാണത്തിനുള്ള നൂലിന് കിലോയ്ക്ക് മുപ്പത് മുതല്‍ 40രൂപ വരെ വര്‍ധിച്ചതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. ഈ വിലവര്‍ധനവ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉപജീവനമാര്‍ഗത്തിനും വലിയ വെല്ലുവിളിയുമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം പ്രധാനമന്ത്രി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.