
തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ട സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.

പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി എസ് ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. വീട് നിര്‍മ്മാണം ആരംഭിച്ചതിന് ശേഷം രണ്ടാംഘട്ട ധനസഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന നിതിൻ രാജ് കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിതിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോളേജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
സംഭവവുമായി ബന്ധപ്പെട്ട് ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.