You are currently viewing ബന്ധുവീട്ടിൽ  വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു

കോതമംഗലം: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കാട്ടാംകുഴി ഭാഗത്തെ പാറക്കുളത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.

ആലുവ എൻഎഡിക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപിള്ളി മുണ്ടത്ത് നിഷാദിന്റെ മകൾ ഹാദിയ ഹനാൻ (17) ആണ് മരിച്ചത്. ആലുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

ഇന്നലെ വൈകുന്നേരം 4.30ഓടെ ബന്ധുക്കൾക്കൊപ്പം കുളിക്കാൻ എത്തിയ ഹാദിയ മറ്റ് കുട്ടികളോടൊപ്പം കുളത്തിനരികിൽ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താഴ്ചയിലേക്ക് മുങ്ങുകയായിരുന്നു. ഹാദിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും വെള്ളത്തിൽ മുങ്ങി.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ സമീപത്തെ ഫർണിച്ചർ വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്. തുടർന്ന് കാണാതായ ഹാദിയയെ കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേന മുങ്ങിയെടുത്ത് പുറത്തെടുത്തു.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് നിഷാദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. മാതാവ് ഖദീജ. സഹോദരങ്ങൾ മുഹമ്മദ് യാസിൻ, മുഹമ്മദ് ഫിനാൻ.

Leave a Reply