
യൗണ്ടേ, കാമറൂൺ: ലിയോ പതിനാലാമൻ മാർപാപ്പ കാമറൂണിലെ സർവകലാശാല വിദ്യാർത്ഥികളോട് രാജ്യത്ത് തന്നെ തുടരുകയും ദേശീയ വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. മികച്ച അവസരങ്ങൾക്കായി വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്ന പ്രവണതയെ ചോദ്യം ചെയ്യുന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

യൗണ്ടെയിലെ കാതല യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ആഫ്രിക്കയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ, മികച്ച ഭാവി പ്രതീക്ഷിച്ച് പലർക്കും വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സ്വാഭാവികമാണെന്ന് പോപ്പ് സമ്മതിച്ചു. എന്നാൽ സ്വന്തമായി നേടിയ വിദ്യാഭ്യാസവും കഴിവുകളും സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
“കാമറൂണിന്റെ പ്രിയപ്പെട്ട പുത്രന്മാരേയും പുത്രിമാരേയും… നിങ്ങളുടെ രാജ്യത്തെ സേവിക്കാനുള്ള തീക്ഷണമായ ആഗ്രഹത്തോടെയാണ് ആദ്യം പ്രതികരിക്കേണ്ടത്,” എന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഭാഷയിൽ നടത്തിയ ഈ പ്രസംഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ അഴിമതിയും പ്രഗൽഭരായ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഒഴുക്കും അദ്ദേഹം എടുത്തുപറഞ്ഞു. ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നേത്യത്വവും സത്യസന്ധമായ മനസ്സാക്ഷിയും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പ്രതികരണങ്ങൾ ഉയർന്നു. ചിലർ ഇത് സമൂഹത്തിന്റെ പൊതുതാൽപര്യത്തെ മുൻനിർത്തിയുള്ള കത്തോലിക്കാ സഭയുടെ ഉപദേശങ്ങളുമായി പൊരുത്തപ്പെടുന്ന സന്ദേശമാണെന്ന് വിലയിരുത്തി.
എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളെക്കുറിച്ച് മുമ്പ് പോപ്പ് നടത്തിയ വിമർശനങ്ങളുമായി ഇതിന് വൈരുദ്ധ്യമുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മാർപാപ്പ മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് പശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചിരുന്നു.
എന്നാൽ മാർപാപ്പ മുമ്പ് രാജ്യങ്ങൾക്ക് സ്വന്തം അതിർത്തികൾ നിയന്ത്രിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞതിനൊപ്പം കുടിയേറ്റക്കാരുടെ മാന്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. കാമറൂണിൽ നടത്തിയ പുതിയ പ്രസംഗം, ക്രമബദ്ധമായ കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ദാരിദ്ര്യവും അഴിമതിയും പോലുള്ള അടിസ്ഥാന കാരണങ്ങളെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെയും മുന്നോട്ടുവയ്ക്കുന്നു.
യൂറോപ്പും നോർത്ത് അമേരിക്കയും ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. വികസനാത്മക രാജ്യങ്ങളിൽ നിന്നുള്ള “ബ്രെയിൻ ഡ്രെയിൻ” പ്രശ്നം കൂടുതൽ ഗുരുതരമാകുന്നതായി നിരീക്ഷിക്കപ്പെടുന്നു.
കാമറൂൺ സന്ദർശനത്തിനിടെ പോപ്പിന്റെ ഈ സന്ദേശം, യുവജനശാക്തീകരണത്തിനും ആഫ്രിക്കയുടെ സ്വയംപര്യാപ്തതയ്ക്കും നൽകിയ പ്രാധാന്യത്തെ വീണ്ടും ഉറപ്പിക്കുന്നതാണ്.