
കൊൽക്കത്ത/ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയകളിലൊന്നായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി, പശ്ചിമബംഗാളും തമിഴ്നാടും ഇന്ന് വോട്ടെടുപ്പിലേക്ക് കടക്കുന്നു. വ്യാപകമായ സുരക്ഷാ സംവിധാനങ്ങളും വോട്ടർമാർക്ക് സൗകര്യപ്രദമായ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നതിനാൽ ഇരുസംസ്ഥാനങ്ങളിലും മികച്ച വോട്ടിംഗ് ശതമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ 16 ജില്ലകളിലായി വ്യാപിച്ചിരിക്കുന്ന 152 മണ്ഡലങ്ങളിൽ നടക്കും. ദാർജിലിംഗ്, കലിംപോങ്, ജൽപൈഗുരി, അലിപുർദ്വാർ, കൂച്ച് ബിഹാർ, ഉത്തര-ദക്ഷിണ ദിനാജ്പൂർ, മാൾഡ, മുർഷിദാബാദ്, ബിർഭും, പശ്ചിം ബർധമാൻ, പുരുലിയ, ബാങ്കുര, ജാർഗ്രാം, പശ്ചിം മേദിനിപൂർ, പുര്ബ മേദിനിപൂർ എന്നിവയാണ് പ്രധാന ജില്ലകൾ.
ഈ ഘട്ടത്തിൽ 1,478 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 44,000-ത്തിലധികം പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അതിൽ 7,384 എണ്ണം ‘സൂപ്പർ സെൻസിറ്റീവ്’ അല്ലെങ്കിൽ ‘ക്രിട്ടിക്കൽ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 3.6 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടർമാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ബ്രെയിൽ സൗകര്യമുള്ള ഇവിഎമ്മുകൾ, റാംപുകൾ, മുൻഗണനാ നിരകൾ, ശക്തിപ്പെടുത്തിയ നിരീക്ഷണ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. പരാതികൾ അറിയിക്കാൻ ടോൾ-ഫ്രീ നമ്പർ (18003450008)യും ഇമെയിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈൽ ഫോൺ നിക്ഷേപ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലായി ഒറ്റഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് മുമ്പ് നിരയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
5.73 കോടിയിലധികം വോട്ടർമാർ 4,023 സ്ഥാനാർഥികളുടെ രാഷ്ട്രീയ ഭാവി നിർണയിക്കും. സംസ്ഥാനത്താകെ 75,000-ത്തിലധികം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അസം കേരളം പുതുച്ചേരി എന്നിവയുൾപ്പെടെ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ മേയ് 4-ന് പ്രഖ്യാപിക്കും.