
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് തരംഗം തുടരുന്നതിനിടെ, ഉയർന്ന താപനിലകളെ എളുപ്പത്തിൽ ചെറുക്കാൻ കഴിയുന്ന തന്റെ ജീവിതശൈലിയെക്കുറിച്ച് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ശ്രദ്ധേയനായി.

മധ്യപ്രദേശിലെ 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന ചൂടിനെ തനിക്ക് സഹിക്കാൻ കഴിയുന്നതിന്റെ രഹസ്യം “ചംബൽ ചർമ്മം ” ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ചംബൽ നദീതട പ്രദേശത്തിന്റെ കടുത്ത കാലാവസ്ഥയിൽ വളർന്നതാണ് ഈ സഹിഷ്ണുതയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “എന്റെ കാറിൽ ഞാൻ എയർ കണ്ടീഷനിംഗ് ഉപയോഗിക്കുന്നില്ല, എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കുകയുമില്ല”
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നത് ശരീരത്തിന് കൂടുതൽ ശക്തി നൽകുന്നതാണെന്നും, വിയർപ്പിലൂടെ ശരീരത്തിന് സ്വാഭാവികമായ പ്രതിരോധശേഷി ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ചൂടിനെ നേരിടാൻ കൈവശം ഉള്ളി കരുതുന്നതുപോലുള്ള ആയുർവേദപരമായ നാട്ടുവൈദ്യ രീതികളും അദ്ദേഹം പരാമർശിച്ചു. ഇത്തരത്തിലുള്ള രീതികൾ ജനങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കാനും അവരുടെ ജീവിതശൈലിയോട് ബന്ധപ്പെടാനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്വാളിയോർ രാജകുടുംബത്തിൽപ്പെട്ട സിന്ധ്യ, തന്റെ യുവത്വസമാനമായ രൂപത്തെക്കുറിച്ചും പരാമർശിച്ചു. “എന്റെ രൂപം യുവത്വമുള്ളതാകാം, പക്ഷേ എന്റെ ആത്മാവ് വളരെ പഴക്കമുള്ളതാണ്,” എന്ന് പറഞ്ഞ അദ്ദേഹം, ജീവിതാനുഭവങ്ങളിലൂടെ സമ്പാദിച്ച ജ്ഞാനവും ജനങ്ങളുമായുള്ള ദൃഢബന്ധവും ഇതിലൂടെ സൂചിപ്പിച്ചു.