
പളളിക്കര: ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ അപൂര്‍വമായ കണ്ടെത്തലും അതിനോടൊപ്പം മാതൃകാപരമായ സത്യസന്ധതയും കാട്ടി ഹരിതകര്‍മസേന അംഗങ്ങള്‍. ചെരുപ്പിനടിയില്‍ ഒട്ടിപ്പിടിച്ച ബബിള്ഗത്തിനൊപ്പം ഒരു പവന് ഭാരമുള്ള സ്വര്‍ണത്താലിയാണ് ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് അത് യഥാര്‍ഥ ഉടമയ്ക്ക് തിരികെ നല്കി.

എണ്ണപ്പാറ സ്വദേശിയായ ജിഷയ്ക്കാണ് ഒരാഴ്ച മുമ്പ് താലി നഷ്ടമായത്. വിഷുവിന് മുന്നോടിയായി ബന്ധുവായ കനകയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും താലി കണ്ടെത്താനായിരുന്നില്ല. നിരാശയോടെ ജിഷ മടങ്ങുകയായിരുന്നു.
അന്ന് താലി തിരയാന്‍ എത്തിയ സമീപവാസിയായ സുധയുടെ ചെരിപ്പ് പൊട്ടിയതിനാല്‍ അത് മാറ്റിവെച്ചിരുന്നു. പിന്നീട് ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കാന്‍ എത്തിയ ഹരിതകര്‍മസേന അംഗങ്ങളായ സുജയും സുനിതയും സുധയുടെ വീട്ടില്‍ നിന്ന് ഒരു ചാക്ക് ചെരുപ്പുകള്‍ ഏറ്റുവാങ്ങി. ഇതിനിടെ പുറത്ത് മാറ്റിവെച്ചിരുന്ന ഒരു ജോഡി ചെരിപ്പും ഇവര്‍ക്ക് നല്‍കുകയായിരുന്നു.
ചെരുപ്പുകള്‍ വൃത്തിയാക്കുന്നതിനിടെ സിമന്റ് തറയില്‍ ഉരച്ചപ്പോഴാണ് ഒരു ചെരുപ്പിന്റെ അടിയില്‍ ഒട്ടിപ്പിടിച്ചിരുന്ന ബബിള്ഗത്തിനുള്ളില് സ്വര്‍ണത്താലി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ വിവരം സുധയെയും മറ്റ് ഹരിതകര്‍മസേന അംഗങ്ങളെയും അറിയിച്ചു. തുടര്‍ന്ന് കനകയെ വിവരം അറിയിക്കുകയും ഫോട്ടോ അയച്ചതോടെ അത് ജിഷയുടെ താലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് താലി കനകയ്ക്ക് കൈമാറി. പിന്നീട് ജിഷ എത്തി താലി ഏറ്റുവാങ്ങി തന്റെ മാലയില്‍ കോര്‍ത്തിടുകയും ചെയ്തു. അന്യരുടെ സ്വത്ത് സ്വന്തംവത്കരിക്കാതെ യഥാര്‍ഥ ഉടമയ്ക്ക് തിരികെ നല്കിയ സുജയും സുനിതയും ഉള്‍പ്പെടെയുള്ള ഹരിതകര്‍മസേന അംഗങ്ങളുടെ സത്യസന്ധതയ്ക്ക് നാട്ടുകാര്‍ അഭിനന്ദനം അറിയിച്ചു.
സേവന മനോഭാവത്തിനൊപ്പം സത്യസന്ധതയും ഉയര്‍ത്തിപ്പിടിച്ച ഈ പ്രവര്‍ത്തി സമൂഹത്തിന് ഒരു വലിയ മാതൃകയാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു