
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് ശക്തമായ പ്രക്ഷോഭ രംഗത്ത് തുടരുമെന്ന് സംഘടന അറിയിച്ചു. അതേസമയം, ഇതിന്റെ പേരിൽ ചില ദളിത് സംഘടനകൾ ഏപ്രിൽ 28ന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്നും കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ്‌കുമാർ വ്യക്തമാക്കി.

കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ശക്തമായി തുടരുമെങ്കിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾക്ക് സംഘടന പിന്തുണ നൽകില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. അഖിൽ കെ. ദാമോദരൻ, കെ.കെ. കൃഷ്ണകുമാർ, ഇ.കെ. തങ്കപ്പൻ, മിനി സിബി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.