
കോഴിക്കോട്: മാങ്കാവിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസിൽ യാത്ര ചെയ്തിരുന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിൽ പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് സംഭവം.

ബസിന്റെ പിൻവശത്തെ സൈഡ് സീറ്റിൽ ഇരുന്ന സുനിൽ ഉറക്കത്തിനിടെ തല പുറത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും അതിവേഗത്തിൽ എത്തിയ വാഹനം ഇടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ച നിലയിൽ സഹയാത്രികരാണ് സുനിലിനെ കണ്ടത്.
യാത്രക്കാരിൽ പലരും ഉറക്കത്തിലായിരുന്നതിനാൽ വലിയ ശബ്ദം കേട്ടതല്ലാതെ അപകടം നടന്ന നിമിഷം വ്യക്തമായി ആരും കണ്ടിട്ടില്ല. ഇടിച്ച വാഹനം ലോറിയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് ബസ് നിർത്തി സുനിലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.
വാഹനങ്ങളിൽ പതിവായി എഴുതിയിരിക്കുന്ന “കൈയും തലയും പുറത്തിടരുത്” എന്ന മുന്നറിയിപ്പിന്റെ ഗൗരവം വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. യാത്രയ്ക്കിടെ ചെറിയ അശ്രദ്ധ പോലും ജീവഹാനിക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.