
കോട്ടയം: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ 20,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി പിസി ജോർജ് പ്രഖ്യാപിച്ചു. ഇതിൽ ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ഒരു കോടി രൂപ വരെ പന്തയം വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പന്തയത്തുക ലോട്ടറി ഏജൻസിയിൽ ഏൽപ്പിക്കാമെന്നും ഫലം വന്ന ശേഷം വിജയിക്കുന്നവർക്കു തുക നൽകാമെന്നും പി.സി. ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായത്.
ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായാണ് പി.സി. ജോർജ് പൂഞ്ഞാറിൽ ജനവിധി തേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും യുഡിഎഫ് സ്ഥാനാർത്ഥി സജി ജോസഫും (എം.ജെ. സെബാസ്റ്റ്യൻ) മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പ്രധാന എതിരാളികളാണ്.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പി.സി. ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ശക്തമായ മത്സരം നടന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പരാമർശം തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്.