
തമിഴ്നാട്ടിലും പുതുച്ചേരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കുടുംബം വമ്പൻ രാഷ്ട്രീയ നേട്ടം സ്വന്തമാക്കി. കുടുംബത്തിലെ മൂന്ന് അംഗങ്ങളും മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചതാണ് ശ്രദ്ധേയമായത്.

തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യ ലിമാ റോസ് മാർട്ടിൻ വിജയിച്ചു. തിരഞ്ഞെടുപ്പിൽ 60,795 വോട്ടുകൾ നേടി അവർ ടിവികെ സ്ഥാനാർത്ഥിയെ 2,739 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ലിമാ റോസ് മാർട്ടിൻ ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പിലെ സമ്പന്ന സ്ഥാനാർത്ഥികളിൽ ഒരാളായും ശ്രദ്ധിക്കപ്പെട്ടു.
പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽ എൻഡിഎ പിന്തുണയുള്ള എൽജെകെ (ലാച്ചിയ ജനനായക കച്ചി) സ്ഥാനാർത്ഥിയായ മകൻ ജോസ് ചാൾസ് മാർട്ടിൻ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പുതുതായി രൂപീകരിച്ച പാർട്ടിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ഈ വിജയം ശ്രദ്ധേയമായി.
അതേസമയം, തമിഴ് നടൻ വിജയിയുടെ ടിവികെ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായ മരുമകൻ ആദവ് അർജുനയും ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ വിജയം നേടി. ഡി.എം.കെ സ്ഥാനാർത്ഥിയെ 17,302 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദവ് അർജുന നിയമസഭയിലെത്തിയത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് സംഭാവന നൽകിയ വ്യവസായികളിൽ ഒരാളായ സാന്റിയാഗോ മാർട്ടിന്റെ കുടുംബം, രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലൂടെ സ്വാധീനം വ്യാപിപ്പിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന സ്ഥാപനത്തിലൂടെ 2018 മുതൽ 2024 വരെ ₹1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിവിധ പാർട്ടികൾക്ക് നൽകിയതായി റിപ്പോർട്ടുകളുണ്ട്.