You are currently viewing ഫുജൈറ ഡ്രോൺ ആക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്, ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ

ഫുജൈറ ഡ്രോൺ ആക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്, ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോൺ (FOIZ) ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇറാനിൽ നിന്ന് നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്നലെ ഫുജൈറ പെട്രോളിയം മേഖലയിലുണ്ടായ തീപിടിത്തത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റത്.

സംഭവത്തെ കുറിച്ച് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം, സാധാരണ ജനങ്ങളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പ്രശ്നപരിഹാരത്തിനായി സംവാദത്തിനും നയതന്ത്രപരമായ ഇടപെടലുകൾക്കും ഇന്ത്യ തുടർച്ചയായി പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രവും തടസ്സരഹിതവുമായ കപ്പൽഗതാഗതവും വ്യാപാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകാൻ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply