
കോട്ടയം: മണിമലയിൽ ഉണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ചു. കുടുംബാംഗങ്ങളായ നാല് പേർക്ക് പരിക്കേറ്റു. അരുവിത്തുറ സ്വദേശിയായ ബ്രിജിത്ത് മാത്യു (95) ആണ് മരിച്ചത്. ബിന്ദു റോയി (52), റോയി മാത്യു (47), പ്രിയ റോയി (17), ശ്രിയ റോയി (15) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം നടന്നത്. മണിമലയിലുള്ള ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മതിലിലെ കല്ലുകൾ സമീപത്തെ വീട്ടിനുള്ളിലേക്ക് തെറിച്ചുവീണു. ഇതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന പാലാ സ്വദേശിനിയായ രണ്ട് വയസ്സുകാരി കാതറീനും പരിക്കേറ്റു. കുട്ടിയുടെ ദേഹത്ത് കല്ല് വീണാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.