You are currently viewing വി.ഡി.സതീശന്റെ അഭ്യർത്ഥന; വിജയാഘോഷങ്ങളിൽ നിയന്ത്രണം പാലിക്കണം, ചേരിതിരിഞ്ഞ പ്രകടനങ്ങൾ  ഒഴിവാക്കണം

വി.ഡി.സതീശന്റെ അഭ്യർത്ഥന; വിജയാഘോഷങ്ങളിൽ നിയന്ത്രണം പാലിക്കണം, ചേരിതിരിഞ്ഞ പ്രകടനങ്ങൾ ഒഴിവാക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും നേടിയ വൻവിജയത്തിന് പിന്നാലെ പ്രവർത്തകരോടും നേതാക്കളോടും നിയന്ത്രണം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭ്യർഥിച്ചു. 102 സീറ്റുകളുമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായതായും, ഇനി എ.ഐ.സി.സി രണ്ടാംഘട്ട നടപടികളിലേക്ക് കടക്കുകയാണെന്നും സതീശൻ വ്യക്തമാക്കി. ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെങ്കിലും പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം പ്രത്യേകമായി ആവശ്യപ്പെട്ടു. അത്തരം നടപടികളിൽ നിന്ന് കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർ പിന്മാറണമെന്നും അദ്ദേഹം സ്‌നേഹപൂർവം അഭ്യർഥിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളും നേതൃത്വ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തിലാണ് വി ഡി സതീശന്റെ ഈ പ്രതികരണം ശ്രദ്ധ നേടുന്നത്.

Leave a Reply