You are currently viewing നൈജീരിയയിൽ ക്രൈസ്തവ ഗ്രാമത്തിന് നേരെ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രൈസ്തവ ഗ്രാമത്തിന് നേരെ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തിലെ ക്രൈസ്തവ കർഷക ഗ്രാമമായ എൻ‌ഗ്രാ-സോംഗോയിൽ ഉണ്ടായ സായുധ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മേയ് 8-നാണ് സംശയിക്കുന്ന ഫുലാനി മിലീഷ്യാംഗങ്ങൾ ഗ്രാമത്തിൽ കയറി ആക്രമണം നടത്തിയത്. നിരവധി പേർക്ക് വെടിയേറ്റും വെട്ടേറ്റും പരിക്കേറ്റതായാണ് റിപ്പോർട്ട്.

മരിച്ചവരിൽ ഗ്രാമ നേതാവായ സൺഡേ ഹ്വീ, ഗർഭിണികളായ യൂനിസ് സാമുവൽ, ലാറബ സൺഡേ, മൂന്ന് വയസ്സുകാരനായ ഫെസ്റ്റ് സൺഡേഎന്നിവരും ഉൾപ്പെടുന്നു. മറ്റൊരു ഗർഭിണിയുൾപ്പെടെ പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണ സാധ്യതയെക്കുറിച്ച് മുൻകൂട്ടി സുരക്ഷാസേനയ്ക്ക് വിവരം നൽകിയിരുന്നുവെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തോക്കുകളും വാളുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നൈജീരിയയുടെ മിഡിൽ ബെൽറ്റ് മേഖലയിലെ ക്രൈസ്തവ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മതപരമായ അക്രമങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണെന്നും, 3,490-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായും മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.

Leave a Reply