
സംസ്ഥാനത്തെ നഗരങ്ങളിലുടനീളം ബൈക്ക് ടാക്സി സേവനങ്ങൾ വ്യാപകമാകുന്നതിനിടെ യാത്രക്കാരുടെ സുരക്ഷയും നിയമാനുസൃത സേവനങ്ങളും ഉറപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് (MVD) മുന്നറിയിപ്പ് നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ഗതാഗതരീതിയായ ബൈക്ക് ടാക്സികൾ ഉപയോഗിക്കുമ്പോൾ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത മോട്ടോർ സൈക്കിളുകളിൽ റൈഡർ ആപ്പുകൾ വഴിയുള്ള യാത്രകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് വകുപ്പ് വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വെളുത്ത പ്രതലത്തിൽ കറുത്ത അക്കങ്ങളും അക്ഷരങ്ങളുമുള്ളതായിരിക്കും. അതേസമയം, നിയമാനുസൃത ബൈക്ക് ടാക്സി സേവനങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോർ സൈക്കിൾ കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്ക് മഞ്ഞ പ്രതലത്തിൽ കറുത്ത അക്കങ്ങളും അക്ഷരങ്ങളുമുള്ള നമ്പർ പ്ലേറ്റുകളായിരിക്കും ഉണ്ടായിരിക്കുക.
ഇത്തരം കോൺട്രാക്ട് കാരേജ് വാഹനങ്ങൾ നിശ്ചിത ഇടവേളകളിൽ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. യാത്ര തിരഞ്ഞെടുക്കുന്നതിനുമുമ്പ് വാഹനത്തിന്റെ രജിസ്ട്രേഷൻ വിഭാഗവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
റൈഡുമായി ബന്ധപ്പെട്ട പരാതികളോ നിയമലംഘനങ്ങളോ ഉണ്ടായാൽ സമീപ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അറിയിക്കാൻ യാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു. “സുരക്ഷിതമാവട്ടെ ഓരോ പുതിയ തൊഴിലവസരങ്ങളും” എന്ന സന്ദേശത്തോടെയാണ് വകുപ്പ് പൊതുജന ബോധവൽക്കരണം ശക്തമാക്കുന്നത്.
അതേസമയം, യാത്രക്കാരൻ തന്നെ വാടകയ്ക്ക് എടുത്ത് ഓടിച്ച് പോകുന്ന “റെൻറ് എ മോട്ടോർ സൈക്കിൾ” സേവനങ്ങളും സംസ്ഥാനത്തെ പല നഗരങ്ങളിലായി ലഭ്യമായി വരുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കറുത്ത പ്രതലത്തിൽ മഞ്ഞ അക്കങ്ങളും അക്ഷരങ്ങളുമായിരിക്കും. ഓരോ യാത്രയുടെയും ദൈർഘ്യവും ആവശ്യകതയും പരിഗണിച്ച് സുരക്ഷിതവും നിയമാനുസൃതവുമായ വാഹനങ്ങൾ തെരഞ്ഞെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.