
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ സ്വദേശിനിയായ സോനയാണ് മരിച്ചത്. ഭർത്താവ് റിജിൻ ഗുരുതര പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവ് പെട്ടെന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ വാഹനം പെട്ടെന്ന് ലോക്കായതിനാൽ പിൻസീറ്റിലിരുന്ന ഗർഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നാലെ കാർ സ്ഫോടന ശബ്ദത്തോടെ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമായില്ല. തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ റിജിനെ സമീപത്തെ വയലിൽ നിന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനും ഞെട്ടലിനും ഇടയാക്കിയിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.