
തിരുവനന്തപുരം: 2026ലെ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് വ്യക്തമാക്കി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയം നേടിയ സാഹചര്യത്തിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾക്ക് പൂർണ്ണ അർഹതയുണ്ടെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് ധനകാര്യ വകുപ്പ് ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പാരമ്പര്യം കേരള കോൺഗ്രസിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോൻസ് ജോസഫ്, ഏഴ് എം.എൽ.എമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം നൽകുക എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അർഹമായ പ്രാധാന്യമുള്ള വകുപ്പുകൾ തന്നെ പാർട്ടിക്ക് ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പുകളുടെ കാര്യത്തിൽ പൊതുചർച്ചകൾക്ക് വഴിയൊരുക്കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൽക്കാലിക സമവായ ഫോർമുലകൾ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) നേതൃത്വം. യു.ഡി.എഫിലെ ഘടകകക്ഷികൾക്കിടയിലെ ശക്തിസമവാക്യങ്ങൾ പരിഗണിച്ചാണ് മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വി.ഡി സതീശൻ നേതൃത്വം നൽകുന്ന കോൺഗ്രസ് ടീം കേരള കോൺഗ്രസിന് ഒരു മന്ത്രസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് നിലവിൽ തയ്യാറായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (ജോസഫ്) നേതൃത്വം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിട്ടില്ല.
രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ഒരു മന്ത്രസ്ഥാനത്തിലേക്ക് മാത്രമാണ് ചർച്ചകൾ ചുരുങ്ങുന്നതെങ്കിൽ, കടുത്തുരുത്തിയിൽ നിന്ന് വിജയിച്ച മോൻസ് ജോസഫ് തന്നെയായിരിക്കും മന്ത്രിയാകാനുള്ള സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.