
തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പിൻ കോച്ചുകളിൽ ഉണ്ടായ തീപിടിത്ത സംഭവത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഞായറാഴ്ച പുലർച്ചെ ഏകദേശം 5:15ഓടെ കോട്ട ഡിവിഷനിലെ നാഗ്ദയ്ക്ക് സമീപം സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന്റെ രണ്ട് പിൻ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. ഇതിൽ ഒരു ഗാർഡ് കോച്ചും ഒരു എസി 3 ടയർ കോച്ചും ഉൾപ്പെടുന്നു.
തീപിടിത്തം കണ്ടെത്തിയതോടെ ട്രെയിനിലെ സുരക്ഷാ സംവിധാനം ഉടൻ പ്രവർത്തിച്ചതിനാൽ ട്രെയിൻ സ്വമേധയാ നിർത്തുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയ അധികൃതർ അറിയിച്ചു. തുടർന്ന് ട്രെയിൻ ജീവനക്കാർ അതിവേഗം തീപിടിത്തമുണ്ടായ രണ്ട് പിൻ കോച്ചുകളും ട്രെയിനിൽ നിന്ന് വേർതിരിച്ച് കൂടുതൽ അപകടം ഒഴിവാക്കി.
സംഭവത്തിൽ യാത്രക്കാർക്ക് ആരർക്കും പരിക്കേറ്റിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രെയിൻ ജീവനക്കാരുടെ സമയോചിത ഇടപെടലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നും അധികൃതർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ കോച്ചുകളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളും ലോക്കോ പൈലറ്റുമാരുടെ വിവിധ സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് രാജ്യവ്യാപകമായി പ്രത്യേക ഓഡിറ്റിന് തുടക്കമിട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനുമായി ഉന്നതതല അന്വേഷണം നടത്തും.