You are currently viewing മഴ പെയ്താൽ ചെളിക്കുളമായി ഭരണിക്കാവ് ബസ്റ്റാൻഡ്; യാത്രക്കാർ ദുരിതത്തിൽ

മഴ പെയ്താൽ ചെളിക്കുളമായി ഭരണിക്കാവ് ബസ്റ്റാൻഡ്; യാത്രക്കാർ ദുരിതത്തിൽ

ഭരണിക്കാവ്: ചെറിയൊരു മഴ പെയ്താൽ പോലും ഭരണിക്കാവ് ബസ്റ്റാൻഡ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ദുരിത മേഖലയായി മാറുകയാണെന്ന പരാതി ശക്തമാകുന്നു. ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്താണ് പ്രധാനമായും വെള്ളം കെട്ടിനിൽക്കുന്നത്. ഇതോടെ ചെളി നിറഞ്ഞ സാഹചര്യത്തിൽ ബസുകൾ പാർക്ക് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രതിദിനം അനേകായിരങ്ങൾ യാത്രാവശ്യങ്ങൾക്കായി എത്തുന്ന പ്രധാന കേന്ദ്രമായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടരുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ കുണ്ടും കുഴിയും വ്യാപകമാണ്. ഇവിടങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.
ബസ്റ്റാൻഡിൽ നിലവിലുള്ളത് വളരെ ചെറിയ കാത്തിരിപ്പ് കേന്ദ്രമാണെന്നും അവിടെ ആവശ്യത്തിന് ഇരിപ്പിട സൗകര്യങ്ങളില്ലെന്നും യാത്രക്കാർ പറയുന്നു. മഴക്കാലത്ത് യാത്രക്കാർക്ക് നിൽക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണുള്ളത്.
ശാസ്ത്രീയമായ രീതിയിൽ ഡ്രെയിനേജ് സംവിധാനം നിർമ്മിച്ചാൽ വെള്ളക്കെട്ട് വലിയ തോതിൽ ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുണ്ടും കുഴിയും ടാറിങ്ങും കോൺക്രീറ്റിങ്ങും വഴി പരിഹരിക്കണമെന്നും ആവശ്യമുണ്ട്. ബസ്റ്റാൻഡ് പരിസരത്ത് തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അഭിപ്രായമുണ്ട്.
ഇതിനിടെ, സമീപകാലത്ത് നിരവധി സ്വകാര്യ വാഹനങ്ങൾ ബസ്റ്റാൻഡ് വഴി കടന്നുപോകുന്നതായും ഇതുമൂലം അപകടസാധ്യത വർധിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബസ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply