
ദേവികുളങ്ങര പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്നുവന്ന കായൽ ഡ്രഡ്ജിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എം ലിജു അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കായലിൽ നിന്ന് മണ്ണെടുക്കുന്നതിനായി അനുമതി നൽകിയിരുന്നുവെങ്കിലും, ഡ്രഡ്ജിങ് മൂലം കായൽത്തീരം ഇടിയുന്നതായും സമീപ പ്രദേശങ്ങളിലെ കിണറുകൾ താഴ്ന്നുപോകുന്നതായും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ വ്യാപകമായി പരാതി ഉയർത്തിയിരുന്നു.

ജനകീയ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് മന്ത്രി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനെ ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതായും വ്യക്തമാക്കി.
ഇതിനിടെ കായംകുളം ടി.ബി.-യിൽ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത അധികൃതർ, കരാർ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗം ചേർന്നു. യോഗത്തിൽ ഡ്രഡ്ജിങ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
കായൽ തീരത്തോട് ചേർന്ന് കുറഞ്ഞത് 150 മീറ്റർ ദൂരം പാലിച്ചായിരിക്കണം ഡ്രഡ്ജിങ് നടത്തേണ്ടതെന്ന് നിർദ്ദേശിച്ചു. പഞ്ചായത്ത് അനുമതി നൽകിയ റോഡുകൾ മാത്രമേ മണ്ണ് കൊണ്ടുപോകാൻ ഉപയോഗിക്കാവൂ. റോഡുകൾക്കും സൈഡ് ഡ്രൈനേജുകൾക്കും കേടുപാടുകൾ സംഭവിച്ചാൽ അവ പൂർവസ്ഥിതിയിലാക്കണമെന്നും നിർദ്ദേശമുണ്ട്.
ഡ്രഡ്ജ് ചെയ്യുന്ന മണ്ണിന്റെ അളവ്, അത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ, പ്രവർത്തന സമയക്രമം തുടങ്ങിയവ ഇറിഗേഷൻ വകുപ്പിനെ അറിയിക്കണമെന്നും നിലവിൽ നീക്കം ചെയ്ത മണ്ണിന്റെ അളവിനെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ദേശീയപാത അതോറിറ്റി സമർപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
പരിസ്ഥിതി പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി പരിസ്ഥിതി വകുപ്പിന് കത്ത് നൽകാനും, മണ്ണിന്റെ അളവ് പരിശോധിക്കുന്നതിനായി ഇറിഗേഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനമായി. ഡ്രഡ്ജിങിന് ശേഷം ചെളിയും എക്കലും കായലിലേക്ക് തിരികെ നിക്ഷേപിക്കരുതെന്നും നിലവിൽ നിക്ഷേപിച്ചിരിക്കുന്ന ചെളി നീക്കം ചെയ്യണമെന്നും നിർദ്ദേശം നൽകി.
മണ്ണ് കൊണ്ടുപോകുന്ന വാഹനങ്ങൾ കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയാകാതിരിക്കണമെന്ന് യോഗം നിർദേശിച്ചു. റോഡിൽ കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിനായി ആവശ്യമായ നടപടികൾ ദേശീയപാത അതോറിറ്റി സ്വീകരിക്കേണ്ടതാണ്.നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനായി പ്രാദേശിക ഭാഷ അറിയുന്ന പി.ആർ.ഒയെ നിയമിക്കണമെന്നും ബന്ധപ്പെട്ട ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രവർത്തനങ്ങളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മന്ത്രി എം. ലിജു അറിയിച്ചു.