
ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രനെ സിംഗപ്പൂർ കോടതി കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിന് ശിക്ഷിച്ചു. 2024 ഏപ്രിൽ മുതൽ കോടതി ആവശ്യപ്പെട്ട ആസ്തിവിവരങ്ങൾ സമർപ്പിക്കാൻ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

കോടതിയുടെ ഉത്തരവുപ്രകാരം ബൈജു രവീന്ദ്രൻ അധികാരികൾക്ക് കീഴടങ്ങുകയും 90,000 സിംഗപ്പൂർ ഡോളർ നിയമച്ചെലവായി അടയ്ക്കുകയും വേണം. കൂടാതെ ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുമായുള്ള തർക്കങ്ങൾക്കിടെയാണ് ഈ വിധി വന്നിരിക്കുന്നത്. ഒരിക്കൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലും നിയമ പോരാട്ടങ്ങളിലും കുടുങ്ങിയിരിക്കുകയാണ്.
അതേസമയം, കേസിൽ തട്ടിപ്പോ സാമ്പത്തിക ക്രമക്കേടുകളോ സംബന്ധിച്ച കണ്ടെത്തലുകളില്ലെന്നും, രേഖകൾ സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട നടപടിക്രമ ലംഘനമാണ് കോടതിയലക്ഷ്യമായി പരിഗണിച്ചതെന്നും ബൈജു രവീന്ദ്രൻ പ്രതികരിച്ചു. വിവിധ രാജ്യങ്ങളിൽ തുടരുന്ന നിയമനടപടികൾക്കിടയിലെ അദ്ദേഹത്തിന്റെ ആദ്യ ജയിൽ ശിക്ഷയാണിത്.