
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തേക്ക് വെടിനിർത്തൽ നീട്ടുന്നതിനും പുതിയ ആണവ ചർച്ചകൾ ആരംഭിക്കുന്നതിനുമായി ധാരണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ട്. എന്നാൽ, ഇതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.

“പ്രസിഡന്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് കുറച്ച് ദിവസങ്ങൾ കൂടി ആലോചിക്കാൻ ആഗ്രഹിക്കുന്നതായി ഇടനിലക്കാരെ അറിയിച്ചിട്ടുണ്ട്,” എന്ന് ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ധാരണയിലെ പ്രധാന വ്യവസ്ഥകൾ പ്രകാരം, ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് നിർണായകമായ ഹോർമോസ് കടലിടുക്ക് പൂർണമായും “തടസരഹിത മേഖല”യായി പ്രഖ്യാപിക്കും. കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും കരാറിൽ വ്യക്തമാക്കുന്നു.
ഇതിനൊപ്പം, കടലിടുക്കിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ മൈനുകളും 30 ദിവസത്തിനകം നീക്കം ചെയ്യാൻ ഇറാൻ ബാധ്യത ഏറ്റെടുക്കും. വ്യാപാര കപ്പൽഗതാഗതം സാധാരണ നിലയിലാകുന്നതിനനുസരിച്ച് അമേരിക്കൻ നാവിക ഉപരോധവും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് സൂചന.
ആണവ വിഷയത്തിൽ, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് നീങ്ങില്ലെന്ന പ്രതിബദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്. ആദ്യഘട്ട ചർച്ചകളിൽ ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ (HEU) സംസ്കരണം, യുറേനിയം സമ്പുഷ്ടീകരണ പരിധികൾ എന്നിവ പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നു.
അതേസമയം, ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അമേരിക്ക തയ്യാറാകുമെന്നതും കരാറിലെ നിർണായക ഭാഗമാണ്.
എന്നാൽ, ഇറാൻ ഈ ധാരണയ്ക്ക് അന്തിമ അംഗീകാരം നൽകിയതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും നിർണായക നയതന്ത്ര മുന്നേറ്റമായി ഇത് മാറാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.