You are currently viewing കടയ്ക്കമണ്ണിൽ ദാരുണ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

കടയ്ക്കമണ്ണിൽ ദാരുണ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

പുനലൂർ: പുനലൂർ–പത്തനാപുരം റോഡിൽ കടയ്ക്കമണ്ണിൽ ഇന്ന് രാവിലെയുണ്ടായ ദാരുണ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കടയ്ക്കാമൺ പ്രയാഗ ഗാർഡൻസിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി നാട്ടുകാർ അറിയിച്ചു.

സുൽത്താൻബത്തേരിയിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതായും ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിൽ തിരിഞ്ഞ് പത്തനാപുരം ഭാഗത്തേക്ക് അഭിമുഖമായി നിൽക്കുന്ന നിലയിലായിരുന്നു. അപകടത്തിന് പിന്നാലെ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിച്ചു.

മരിച്ച സ്കൂട്ടർ യാത്രികന്റെ തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരികയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഴക്കാല സാഹചര്യത്തിൽ അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗും ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഈ സംഭവം, റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നതാണ്.

Leave a Reply