You are currently viewing വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണത്തിന് വഴിതെളിഞ്ഞു; മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചു

വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണത്തിന് വഴിതെളിഞ്ഞു; മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചു

വെങ്ങര: വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്ന പ്രധാന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി എം. വിജിൻ എംഎൽഎ അറിയിച്ചു. റെയിൽവേ ട്രാക്കിന് മുകളിൽ നിർവഹിക്കേണ്ട നിർമാണപ്രവൃത്തികളുടെ അലൈൻമെന്റിന് മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചതോടെയാണ് പദ്ധതിക്ക് പുതിയ മുന്നേറ്റമുണ്ടായിരിക്കുന്നത്.

റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ 21 കോടി രൂപ അനുവദിച്ചിരുന്നു. 290.16 മീറ്റർ നീളത്തിലും 10.06 മീറ്റർ വീതിയിലുമായി നിർമ്മിക്കുന്ന പാലത്തിന് 22.32 മീറ്റർ വലുപ്പത്തിലുള്ള 13 സ്പാനുകളാണുള്ളത്. പാലത്തോടനുബന്ധിച്ചുള്ള നടപാത, പാലത്തിലേക്കുള്ള പടവുകൾ എന്നിവ ഉൾപ്പെടെയുള്ള ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

എന്നാൽ ദേശീയതലത്തിൽ റെയിൽവേ മേൽപ്പാലങ്ങളുടെ മുകൾഭാഗത്ത് വരുന്ന ഡിസൈൻ സ്ട്രക്ചറുകളിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചതിനെ തുടർന്ന്, ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ അലൈൻമെന്റിന് പുതുക്കിയ അംഗീകാരം ആവശ്യമായി വന്നിരുന്നു. ഇതാണ് പദ്ധതിയുടെ അന്തിമഘട്ട നിർമാണത്തിന് കാലതാമസം സൃഷ്ടിച്ചത്.

തുടർന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) മുഖേന പുതിയ ഡിസൈൻ തയ്യാറാക്കി മദ്രാസ് ഐഐടിയുടെ സാങ്കേതിക പരിശോധനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിച്ചു. ഈ ഡിസൈനിനാണ് ഇപ്പോൾ മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് എം. വിജിൻ എംഎൽഎ വ്യക്തമാക്കി.

റെയിൽവേ ട്രാക്കിന് മുകളിലുള്ള ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ റെയിൽവേയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടപ്പാക്കുക. ഒരു മാസത്തിനകം ചെന്നൈ റെയിൽവേ ഡിവിഷന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ച ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുകയും അവ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകുമെന്നും എംഎൽഎ അറിയിച്ചു.

മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചതോടെ വെങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നതിനുള്ള അവസാനഘട്ട നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Leave a Reply