
തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത്–പളനി–പോടന്നൂർ പ്രത്യേക ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പളനിയിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല ഇടപെടലുകളുടെ ഫലമായാണ് പുതിയ സർവീസ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ പളനിയിലേക്കുള്ള പ്രധാന ട്രെയിൻ സർവീസായ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യതയിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് കോട്ടയം അല്ലെങ്കിൽ കൊല്ലം എന്നിവിടങ്ങളിൽ നിന്ന് പുനലൂർ–മധുര–പളനി വഴി പോടന്നൂർ, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എം.പി. വ്യക്തമാക്കി.
കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും വിഷയം വിശദമായി ചർച്ച ചെയ്തു. കോട്ടയത്തും കൊല്ലത്തും ആവശ്യമായ മെയിന്റനൻസ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് ആരംഭിച്ച് അവിടെത്തന്നെ ട്രെയിനിന്റെ പരിപാലനം നടത്തുക എന്ന നിർദേശമാണ് അംഗീകരിക്കപ്പെട്ടത്. കോയമ്പത്തൂർ, ഈറോഡ് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ലഭ്യതാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിൽ പ്ലാറ്റ്ഫോം സൗകര്യമുള്ള പോടന്നൂർ അല്ലെങ്കിൽ മേട്ടുപ്പാളയം വരെ സർവീസ് നടത്താൻ തത്വത്തിൽ തീരുമാനിക്കുകയായിരുന്നു.
പുനലൂർ–മധുര റൂട്ടിലൂടെ എൽ.എച്ച്.ബി. കോച്ചുകളോടെ കേരളത്തിൽ നിന്ന് പളനിയിലേക്കും കോയമ്പത്തൂർ, ഈറോഡ് മേഖലകളിലേക്കും നേരിട്ട് യാത്രാ സൗകര്യം ലഭിക്കുന്ന തരത്തിലുള്ള ട്രെയിൻ സർവീസ് ആദ്യമായാണ് യാഥാർഥ്യമാകുന്നതെന്നും ഇത് തീർഥാടന-വാണിജ്യ യാത്രകൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ പ്രതിവാര സർവീസായി ട്രെയിൻ ഓടിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവിൽ രണ്ട് സർവീസുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കേരളത്തിൽ തിരുവനന്തപുരം നോർത്തിനും കൊല്ലത്തിനും മാത്രമാണ് ആദ്യം സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി റെയിൽവേ ബോർഡിന്റെ പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, സി.പി.ടി.എം. എന്നിവരുമായി നേരിട്ട് ബന്ധപ്പെടുകയും റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തുകൾ നൽകുകയും ചെയ്തതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
തുടർനടപടികളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത്–പളനി–പോടന്നൂർ സ്പെഷ്യൽ ട്രെയിനിന് കൊട്ടാരക്കര, വർക്കല ശിവഗിരി സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ചിറയിൻകീഴ്, കുണ്ടറ, എഴുകോൺ, ആവണീശ്വരം, തെന്മല, ആര്യങ്കാവ് തുടങ്ങിയ മറ്റ് പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം തുടർന്നും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷവും ട്രെയിൻ സർവീസ് സ്ഥിരമായി തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.പി. കൂട്ടിച്ചേർത്തു.