
ഛത്തീസ്ഗഢിലെ മൽഹാർ പ്രദേശത്ത് ചരിത്രപ്രാധാന്യമുള്ള മൂന്ന് അപൂർവ താമ്രശാസനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. പാണ്ഡുവംശി രാജവംശത്തിലെ മഹാരിഷി ബാലാർജുന്റെ ഭരണകാലവുമായി ബന്ധപ്പെട്ടവയായിരിക്കാമെന്നാണ് ചരിത്ര ഗവേഷകരുടെയും പുരാവസ്തു വിദഗ്ധരുടെയും വിലയിരുത്തൽ.

കണ്ടെത്തിയ താമ്രശാസനങ്ങൾക്ക് ഏകദേശം 1,400 മുതൽ 1,500 വർഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ക്രിസ്തുവിന് ശേഷമുള്ള ആറാം മുതൽ ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഇവ രചിക്കപ്പെട്ടതെന്നാണ് വിദഗ്ധർ പറയുന്നത്.
പുരാതന ബ്രാഹ്മി ലിപിയിലും പാലി ഭാഷയിലുമാണ് ഈ ശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ ഭരണസംവിധാനം, സാമൂഹിക ജീവിതം, മത-സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഈ രേഖകളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ചരിത്രത്തെയും പാണ്ഡുവംശി ഭരണകാലത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയ വെളിച്ചം പകരുമെന്നും പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടു. കണ്ടെത്തിയ ശാസനങ്ങളുടെ വിശദമായ പഠനവും സംരക്ഷണ നടപടികളും പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.