You are currently viewing ‘ചീരു’ ബ്രാൻഡിൽ കുട്ടനാടൻ താറാവിറച്ചി വിപണിയിലേക്ക്; കുടുംബശ്രീയുടെ പുതിയ സംരംഭം

‘ചീരു’ ബ്രാൻഡിൽ കുട്ടനാടൻ താറാവിറച്ചി വിപണിയിലേക്ക്; കുടുംബശ്രീയുടെ പുതിയ സംരംഭം

ആലപ്പുഴ: കുട്ടനാടൻ താറാവിറച്ചിയെ ബ്രാൻഡ് ചെയ്ത് സംസ്ഥാന വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ. ‘ചീരു’ എന്ന പേരിൽ താറാവിറച്ചി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് പദ്ധതി. ആലപ്പുഴയിൽ നടന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന ‘ചീരു’ എന്ന താറാവ് ജനശ്രദ്ധ നേടിയതിനെ തുടർന്നാണ് ഇതേ പേര് ബ്രാൻഡിനായി സ്വീകരിച്ചത്.

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപുലമായ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാൻഡഡ് താറാവിറച്ചി പദ്ധതിക്ക് രൂപം നൽകിയതെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലംപേരൂരിൽ ആരംഭിക്കും.

അഞ്ച് അയൽക്കൂട്ടാംഗങ്ങൾ ഉൾപ്പെടുന്ന പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വഴിയാണ് താറാവിറച്ചി ഉൽപ്പാദനവും വിതരണവും നടത്തുക. ഓരോ ഗ്രൂപ്പിനും 2.5 ലക്ഷം രൂപ വീതം ധനസഹായം കുടുംബശ്രീ നൽകും. ഇതിലൂടെ ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളും വരുമാന മാർഗങ്ങളും സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തിൽ 900 ഗ്രാമും 500 ഗ്രാമും തൂക്കമുള്ള പാക്കറ്റുകളിലാക്കി ബ്രാൻഡ് ചെയ്ത ഫ്രഷ് താറാവിറച്ചിയാണ് വിപണിയിലെത്തിക്കുക. തുടർന്ന് ‘ചീരു’ ബ്രാൻഡിൽ മപ്പാസ്, റോസ്റ്റ്, കറി തുടങ്ങിയ റെഡി-ടു-ഈറ്റ് വിഭവങ്ങളും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ട്.

കുടുംബശ്രീയുടെ വിവിധ വിപണന ശൃംഖലകൾ പ്രയോജനപ്പെടുത്തി സംസ്ഥാനമൊട്ടാകെ ‘ചീരു’ താറാവിറച്ചി എത്തിക്കാനാണ് ജില്ലാ മിഷന്റെ നീക്കം. കുട്ടനാടൻ താറാവിറച്ചിയുടെ തനത് രുചി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതോടൊപ്പം, പ്രാദേശിക കർഷകർക്കും വനിതാ സംരംഭകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply