
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്യും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യ–വെനസ്വേല ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ മേഖലകൾ അവലോകനം ചെയ്തു. ഊർജം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, സാങ്കേതികവിദ്യ, കൃഷി, വാഹനനിർമാണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.

കൂടിക്കാഴ്ചയ്ക്കുശേഷം സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി മോദി, ലാറ്റിനമേരിക്കയിലെ വിലമതിക്കാനാവാത്ത പങ്കാളിയായ വെനസ്വേലയുമായുള്ള സഹകരണം ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾക്ക് ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ മാധ്യമങ്ങളോട് സംസാരിക്കവെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിൽ ഒന്നുള്ള രാജ്യമാണ് വെനസ്വേലയെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ക്രൂഡ് ഓയിൽ ഉറവിടങ്ങൾ തേടുന്ന സാഹചര്യത്തിൽ, വെനസ്വേലയുമായി ദീർഘകാല ഊർജപങ്കാളിത്തം രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ വെനസ്വേല മൂന്നാമത്തെ വലിയ വിതരണക്കാരനായി മാറിയതായും അദ്ദേഹം വ്യക്തമാക്കി.
ഊർജമേഖലയ്ക്ക് പുറമെ ഖനനം, നിർണായക ധാതുക്കൾ, മൃഗസംരക്ഷണം, ഗതാഗതം, കാർഷിക ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും സാമ്പത്തിക സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു. വിഭവസമ്പന്നമായ രാജ്യമായ വെനസ്വേലയിലെ നിർണായക ധാതു ശേഖരങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിനും ഇന്ത്യൻ നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള വഴികളും പരിശോധിച്ചു.
ആഗോളവും പ്രാദേശികവുമായ വിഷയങ്ങളിലും ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. കൂടിക്കാഴ്ചയുടെ ഭാഗമായി വെനസ്വേലൻ പ്രതിനിധിസംഘം ഇന്ത്യയിലെ ഊർജ, ഫാർമസ്യൂട്ടിക്കൽ, ഓട്ടോമൊബൈൽ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച് സഹകരണ സാധ്യതകൾ പരിശോധിക്കും. ഇന്ത്യ–വെനസ്വേല ബന്ധം കൂടുതൽ ആഴത്തിലാക്കാനും ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും ഇരു രാജ്യങ്ങളും പ്രതിബദ്ധത ആവർത്തിച്ചു.