You are currently viewing ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം

കേരളത്തിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് യാത്രാ പദ്ധതി ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ യാത്ര യാഥാർഥ്യമാകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് പദ്ധതിയുടെ ആദ്യഘട്ട രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയത്.

ആദ്യ 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. ഈ കാലയളവിലെ വരുമാന-ചെലവ് കണക്കുകളും യാത്രക്കാരുടെ പ്രതികരണവും പ്രായോഗിക ബുദ്ധിമുട്ടുകളും വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

വരുമാന പരിധിയോ മറ്റ് യോഗ്യതാ മാനദണ്ഡങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‌നാട്ടിലെ മാതൃകയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ‘സീറോ ടിക്കറ്റ്’ നൽകുന്ന സംവിധാനം നടപ്പാക്കാനാണ് ആലോചന. ഇതിനാവശ്യമായ ജെൻഡർ ടിക്കറ്റിങ് സംവിധാനം കെഎസ്ആർടിസി ബസുകളിൽ നേരത്തേ തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതേസമയം, ഓർഡിനറി സർവീസുകൾ കുറവുള്ള മണ്ഡലങ്ങളിലും ഗ്രാമീണ മേഖലകളിലും പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പദ്ധതിയുടെ ഭാഗമായി പരിശോധിക്കും.

സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply