തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷാ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നും ഓട്ടോ ചാർജുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ ജൂൺ 10-ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും.
എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു മാർച്ച് ഉദ്ഘാടനം ചെയ്യും. നിലവിലെ നിരക്കുകൾ വർധിച്ചുവരുന്ന ഇന്ധനവിലക്കും ജീവിതച്ചെലവിനും അനുസൃതമല്ലെന്നും ഇതുമൂലം ഓട്ടോ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
മിനിമം ഓട്ടോ ചാർജ് 50 രൂപയാക്കി ഉയർത്തുകയും തുടർന്ന് ഓരോ കിലോമീറ്ററിനും 25 രൂപ വീതം ഈടാക്കാൻ അനുവദിക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. ഇതോടൊപ്പം സി.എഫ്., ക്ഷേമനിധി സംബന്ധമായ വിഷയങ്ങൾ, അനധികൃത സർവീസുകൾക്കെതിരായ നടപടി, ആവശ്യമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ഓട്ടോ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഓട്ടോ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.