കൊല്ലം ജില്ലയെ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. അഷ്ടമുടിക്കായലിനെ കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള വിനോദസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സന്ദര്‍ശനത്തിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളിലാണ് മന്ത്രി വികസന കാഴ്ചപ്പാട് വിശദീകരിച്ചത്.
അഷ്ടമുടി കേന്ദ്രീകരിച്ച് കൊല്ലം ടൂറിസം വികസനം; പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതികള്‍
കൊല്ലം: ജില്ലയില്‍ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സമഗ്ര വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. അഷ്ടമുടിക്കായലിനെ കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള വിനോദോപാധികളും ആധുനിക സൗകര്യങ്ങളുമാണ് ലക്ഷ്യമിടുന്നത്.
ജെന്‍ സി തലമുറയെ മാത്രമല്ല, ജെന്‍ ആല്‍ഫയുടെ താല്‍പര്യങ്ങളും പരിഗണിച്ച് ഗെയ്മിംഗ് സോണുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ആകര്‍ഷണങ്ങള്‍ സജ്ജമാക്കും. കുടുംബസമേതം എത്തുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമായ താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, കൂടുതല്‍ ദിവസം ജില്ലയില്‍ തങ്ങുന്ന രീതിയിലേക്ക് വിനോദസഞ്ചാരത്തെ വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അനുബന്ധ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും പദ്ധതിയുടെ ഭാഗമാകും. ഇതുവഴി പ്രദേശവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും നിര്‍മാണഘട്ടത്തില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രത്യക്ഷവും പരോക്ഷവുമായ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുമെന്നും, വിനോദസഞ്ചാര മേഖലയിലൂടെ പ്രതിവര്‍ഷം കുറഞ്ഞത് 50 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
വഞ്ചിവീടുകളിലൂടെയുള്ള കായല്‍യാത്ര, തങ്കശ്ശേരി വിളക്കുമാടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലഘുസഞ്ചാര പദ്ധതികള്‍, സാംസ്‌കാരിക പരിപാടികള്‍, പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം, കരകൗശല വിദഗ്ധര്‍ക്ക് ഇടമൊരുക്കല്‍ തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത നിലവാരത്തിലുള്ള വിനോദസൗകര്യങ്ങളും ഒരുക്കും.
ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കി സുസ്ഥിര വിനോദസഞ്ചാര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കായലില്‍ ഒഴുകുന്ന ഭക്ഷണശാലയില്‍ ഒരേസമയം 100 പേര്‍ക്ക് സൗകര്യമൊരുക്കും. ജലകേളികള്‍ക്കുള്ള സംവിധാനങ്ങളും സജ്ജമാക്കും. കണ്ടല്‍ക്കാടുകളിലേക്കുള്ള പ്രകൃതി സഞ്ചാരത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശവും നല്‍കും.
അഷ്ടമുടിക്കായല്‍ മലിനമാകുന്നത് തടയുന്നതിനായി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും, ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ വേലികള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.