You are currently viewing മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മാതാപിതാക്കൾ

മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മാതാപിതാക്കൾ

പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി മിഷേലിന്റെ മാതാപിതാക്കളായ ഷാജി വർഗീസും ഷൈലമ്മ ഷാജിയും അറിയിച്ചു.

ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണെങ്കിലും ഒൻപത് വർഷമായിട്ടും കേസിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആകുലതകൾ പങ്കുവെച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും മിഷേലിന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി.

മിഷേൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും മകളുടെ മരണം കൊലപാതകമാണെന്നാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്നും മാതാപിതാക്കൾ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ആശങ്കകൾ, സംശയങ്ങൾ എന്നിവ വിശദീകരിക്കുന്ന രേഖകളും ചിത്രങ്ങളും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറിയതായും അവർ പറഞ്ഞു.

ഒൻപത് വർഷമായി അന്വേഷണം നടക്കുന്ന കേസിന്റെ നിലവിലെ അവസ്ഥ വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി ഷാജി വർഗീസ് പറഞ്ഞു.

മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചതായും മാതാപിതാക്കൾ വ്യക്തമാക്കി.

മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസ് തോമസ്, പിറവം നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ, കോൺഗ്രസ് പിറവം ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് മല്ലിപ്പുറം, കർമ്മസമിതി അംഗം വി. ചന്ദ്രാചാര്യ എന്നിവർ ഉൾപ്പെട്ട സംഘവും മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്നു. :::

Leave a Reply