ഹൈദരാബാദിൽ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പ്രോജക്റ്റ് കെ’ എന്ന ചിത്രത്തിന്റെ ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണത്തിനിടെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു.

  തൻ്റെ വാരിയെല്ലിന് ഒടിവ് പറ്റുകയും,   പേശീ വലിവ് അനുഭവപ്പെടുകയും ചെയ്തുവെന്ന്, അദ്ദേഹം തന്റെ ബ്ലോഗിൽ പറഞ്ഞു.

ബിഗ് ബി ഇപ്പോൾ തന്റെ മുംബൈയിലെ വസതിയായ ജൽസയിൽ വിശ്രമിക്കുകയാണ്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അദ്ദേഹത്തിന്റെ എല്ലാ ഷൂട്ടുകളും പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് തന്നെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ആവശ്യമായ സ്കാനുകൾക്ക് ശേഷം മുംബൈയിലേക്ക് തിരിച്ചുപോയെന്നും ബിഗ് ബി തന്റെ ബ്ലോഗിൽ കുറിച്ചു.

പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ താരം ഇപ്പോൾ വീട്ടിലാണ്.

“ചലിക്കുമ്പോഴും ശ്വസ്സിക്കുമ്പോഴും വേദനയുണ്ട്… കുറച്ച് ആഴ്ചകൾ എടുക്കുമെന്ന് അവർ പറയുന്നു,  സാധാരണ അവസ്ഥയിൽ എത്താൻ കുറച്ച് സമയമെടുക്കും,” ബിഗ് ബി തന്റെ ബ്ലോഗിൽ കുറിച്ചു.

ഇതാദ്യമായല്ല ബിഗ് ബി സിനിമാ സെറ്റിൽ വെച്ച് ഗുരുതരമായി പരിക്കേൽക്കുന്നത്.  എൺപതുകളിലെ ഹിറ്റ് ചിത്രമായ ‘കൂലി’യുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് മാരകമായി പരിക്കേറ്റു, അന്ന് അദ്ദേഹം ഏതാണ്ട് മരണമടഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടു.

തന്റെ പതിവ് മീറ്റിംഗിനായി ഈ വാരാന്ത്യത്തിൽ ജൽസ സന്ദർശിക്കരുതെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു, കാരണം പരിക്കുകൾ കാരണം ഈ ഞായറാഴ്ച അദ്ദേഹത്തിന് അതിൽ പങ്കെടുക്കാൻ കഴിയില്ല.

“ഇത് ബുദ്ധിമുട്ടായിരിക്കും  ഞാൻ പറയട്ടെ.. എനിക്ക് ഇന്ന് വൈകുന്നേരം ജൽസ ഗേറ്റിലെ ആരാധകരെ കാണാൻ കഴിയില്ല.. അതിനാൽ വരരുത്.. വരാൻ ഉദ്ദേശിക്കുന്നവരെ പരമാവധി അറിയിക്കുക..”  അദ്ദേഹം ബ്ലോഗിൽ എഴുതി.

ബിഗ് ബി ഇപ്പോൾ   ‘പ്രോജക്ട് കെ’യുടെ ചിത്രീകരണ തിരക്കിലാണ്.  ‘പ്രോജക്‌റ്റ് കെ’ മഹാവിഷ്ണുവിന്റെ ആധുനിക അവതാരത്തെ’ അടിസ്ഥാനമാക്കിയുള്ള ഒരു ‘ഗ്രാഫിക്‌സ്-ഹെവി’ സിനിമയാണെന്നാണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി.

പ്രഭാസും ദീപികയും ആദ്യമായി സ്‌ക്രീനിൽ ഒന്നിക്കുന്ന പാൻ-ഇന്ത്യ ചിത്രം 2024 ജനുവരി 12 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Leave a Reply